പഴങ്ങളിലെ രാജാവാണ് മാങ്ങ എന്ന് പറയാറുണ്ട്. മാങ്ങകളിലെ തന്നെ
ഏറ്റവും പ്രസിദ്ധമായത് കിങ്ങ് അൽഫോൺസോ എന്ന മാമ്പഴമാണ്. ഏഷ്യൻ രാജ്യങ്ങളിലാണ് മാവ്
സാധാരണയായി കാണപ്പെടുന്നത്. അതിൽ തന്നെ ഇന്ത്യയിലാണ് ലോകത്തിൽ ഏറ്റവും കൂടുതൽ മാവ് കൃഷി ചെയ്യുന്നത്.
ഇന്ത്യയുടെ ദേശീയ ഫലമാണ് മാങ്ങ. മൊത്തം മാങ്ങ ഉത്പാദനത്തിന്റെ 80 ശതമാനത്തിലേറേ ഇന്ത്യയുടെ സംഭാവനയാണ്.
പൗരാണികകാലത്ത് തന്നെ അറിയപ്പെട്ടിരുന്നൊരു പഴമാണ് മാങ്ങ. പുരാതാന
സംസ്കൃതഗ്രന്ഥങ്ങളിലും നാടോടിപ്പാട്ടുകളിലും മറ്റും മാമ്പഴത്തെപറ്റി പരാമർശമുണ്ട്. എന്നാൽ ഋഗ്വേദത്തിൽ മാങ്ങയെപ്പറ്റി
പരാമർശമില്ല, അത് ആര്യന്മാർ കൃഷിചെയ്തിരുന്നില്ല എന്നതിനാലോ അവ കൃഷി ചെയ്തിരുന്ന ഉഷ്ണമേഖലാ
പ്രദേശത്തേക്കുറിച്ച് അറിയാത്തതിനാലോ ആയിരിക്കാം. എന്നാൽ ബുദ്ധമതഗ്രന്ഥമായ അമരകോശത്തിൽ മാങ്ങയെക്കുറിച്ച്
നിരവധി പരാമർശങ്ങൾ ഉണ്ട്. രാമായണത്തിലും മഹാഭാരതത്തിലും കാടുപോലെ വളർന്ന മാന്തോപ്പുകളെ വിവരിക്കുന്നുണ്ട്.
കാളിദാസ കൃതികളിലും മാവിനെപ്പറ്റിയുള്ള വിവരണം കാണാം. ക്രിസ്തുവിന് വളരെ മുമ്പ് എഴുതപ്പെട്ടത്
എന്ന് കരുതുന്ന ആയുർവേദ ഗ്രന്ഥമായ ചരകസംഹിതയിലും സുശ്രുതസംഹിതയിലും മാവിന്റെ ഔഷധഗുണത്തെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നു.
ക്രി.മു. 150 വർഷങ്ങളിൽ നിർമ്മിച്ചവയെന്ന്
കരുതപ്പെടുന്ന സാഞ്ചിയിലെ സ്തൂപങ്ങളിൽ മാവിന്റേയും മാമ്പഴത്തിന്റേയും വിവിധഭാഗങ്ങൾ കൊത്തുപണി ചെയ്തു
വച്ചിട്ടുണ്ട്. അജന്തയിലും എല്ലോറയിലും മാവിൻറെ ചിത്രങ്ങൾ കാണാം.
ഇന്ത്യ സന്ദർശിച്ചിട്ടുള്ള പല വിദേശസഞ്ചാരികളുടേയും യാത്രാഗ്രന്ഥങ്ങളിൽ മാവിനെ പറ്റിയുള്ള
വിവരണങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ക്രി.മു. 327 ൽ ഇന്ത്യയിൽ വന്ന അലക്സാൻഡർ ചക്രവർത്തി സൈന്ധ് നദീതടത്തിൽ ഒരു മാന്തോപ്പ് കണ്ടതായി
രേഖപ്പെടുത്തിയിരിക്കുന്നു. മെഗസ്തനീസിന്റെ ഇൻഡിക്കയിലും പരാമർശം ഉണ്ട്. ചൈനീസ്
സഞ്ചാരിയായ ഹുയാങ് സാങ്ങായിരിക്കണം ഒരു പക്ഷേ മാമ്പഴം വിദേശ ശ്രദ്ധയാകർഷിക്കാൻ കാരണം എന്ന്
വിശ്വസിക്കപ്പെടുന്നു. ബുദ്ധന് വിശ്രമിക്കാൻ ആമ്രധാരിക വലിയൊരു മാന്തോപ്പ്
സമ്മാനിച്ചതായി ഫാഹിയാന്റേയും സുങ് യുന്റേയും സഞ്ചാരക്കുറിപ്പുകളിൽ വായിക്കാം. ക്രി.വ.
902 നും 968 നും ഇടയിൽ ജീവിച്ചിരുന്ന
എബെൻ ഹാങ്കെലായിരുന്നു
മാവിനേയും മാങ്ങയേയും പറ്റിയുള്ള വിവരങ്ങൾ രേഖപ്പെടുത്തിയ ആദ്യത്തെ പാശ്ചാത്യ സഞ്ചാരി. ഫ്രയർ ജോർദാനുസ് 1300ൽ രചിച്ച മിറാബിലിസ്
ഡിസ്ക്രിപ്റ്റാ ( അതിശയകരമായ വിവരങ്ങൾ) എന്ന ഗ്രന്ഥത്തിലും മാവിനെ പറ്റി വിവരിച്ചിരിക്കുന്നു. ഇബ്നു
ബത്തൂത്തയും മാവിനെ വിട്ടു കളഞ്ഞിട്ടില്ല. വർത്തേമയും ബാർബോസയമ് തുടങ്ങി
ഒട്ടനവധി സഞ്ചാരികൾ കേരളത്തിലെ വിദേശീയാധിപത്യകാലത്ത് മാങ്ങയെപറ്റി വിവരിച്ചിട്ടുണ്ട്. അക്കാലത്തൊന്നും
യൂറോപ്യൻ രാജ്യങ്ങളിൽ മാങ്ങയെ പറ്റി അറിവില്ലായിരുന്നു എന്ന് അവരുടെ പരാമർശങ്ങളിൽ നിന്ന് മനസ്സിലാക്കാം.
മുഗൾ ഭരണകാലം മാങ്ങായുടെ സുവർണ്ണകാലമായിരുന്നു. ഏറ്റവും
നല്ല ഇനങ്ങൾ തിരഞ്ഞെടുത്ത് നട്ടു വളർത്തുന്നതിൽ ബദ്ധശ്രദ്ധനായിരുന്നു അക്ബർ. അദ്ദേഹം ഗുണസ്വഭാവങ്ങൾ അടിസ്ഥാനപ്പെടുത്തി
മാങ്ങയെ ഇനം തിരിക്കാൻ ശ്രമം നടത്തി. അക്ബർ ചക്രവർത്തിക്ക് സ്വന്തമായി ദർഭംഗക്കടുത്ത് ലാൽബാഗ് എന്ന് പേരിൽ ഒരു ലക്ഷത്തോളം
മാവുകൾ ഉള്ള ഒരു തോപ്പ്
ഉണ്ടായിരുന്നതായി 300 കൊല്ലങ്ങൾക്ക് ശേഷം അത്
ചാൾസ് മാരീസ് എന്ന
ഇംഗ്ലീഷുകാരൻ സന്ദർശിച്ച് അവയെപറ്റി വിവരിച്ചതായും രേഖകൾ ഉണ്ട്. എന്നാൽ മുഗൾ വംശസ്ഥാപകനായ ബാബർ മാങ്ങയെ അത്രയൊന്നും മതിച്ചിരുന്നില്ല. പലരും അതിനെ പുകഴ്തുന്നത്
അർഹിക്കുന്നതിലേറെയാണെന്നാണ്
ബാബർ നാമയിൽ അദ്ദേഹം എഴുതിയത്.
മാങ്ങയുടെ ഉത്ഭവത്തെപ്പറ്റി ഇന്നും ഏകാഭിപ്രായമില്ല. ഇന്ത്യക്ക്
വടക്ക് കിഴക്കൻ മേഖലയിലാണ് ഇത് ഉത്ഭവിച്ചതെന്നാണ് പ്രബലമായ വിശ്വാസം. ദക്ഷിണേഷ്യയോ മലയൻ ദ്വീപസമൂഹങ്ങളോ
ആയിരിക്കാമെന്നാണ് കാൻഡോൾ അഭിപ്രായപ്പെടുന്നത്. പൂർവ്വേന്ത്യയോ ആസാമോ ലയൻ പ്രദേശമോ ആയിരിക്കാം
എന്നാണ് പോപനോവിന്റെ അഭിപ്രായം മാവിന്റെ ഉല്പത്തിയെക്കുറിച്ച് വിപുലമായ ഗവേഷണം നടത്തിയ
എസ്.ആർ. മുഖർജിയുടെ അഭിപ്രായത്തിൽ മാവിന്റെ ജനിതക
രൂപമായ മാംജിഫെറ ബർമ്മ, സയാം, ഇന്തോചൈന എന്നിവിടങ്ങളിലാവാം ഉത്ഭവിച്ചത്
എങ്കിലും മാവിന്റെ സ്പീഷീസ് ആയ മാൻജിഫെറാ ഇൻഡിക്ക ആസ്സാം-ബർമ്മാ പ്രദേശത്താവാം എന്നാണ്.മാങ്ങ അമേരിക്കയിലെ കാലിഫോർണിയയിൽ എത്തിയത് 1880-ൽ ആണ്
മാമ്പഴത്തെ നല്ലതും ചീത്തയുമായി വേർതിരിച്ച് ആദ്യം രേഖപ്പെടുത്തിയത് അക്ബർ ചക്രവർത്തിയായിരുന്നു.
അദ്ദേഹം അയിൻ-ഇ-അക്ബാറിയിൽ വിവരിച്ചിട്ടുണ്ട്. എങ്കിലും ശാസ്ത്രീയമായി ആദ്യമായി വർഗീകരണം നടത്തിയത് വാട്ട്
(Watt) ആണ് (1891).
പിന്നീട് മാരീസ് (1902), വുഡ്ഹൗസ് (1909) എന്നിവരും വർഗീകരണം നടത്തി. വുഡ്ഹൗസിന്റേത് പഴത്തിന്റെ ആകൃതിയെ അടിസ്ഥാനമാക്കിയുള്ള
തരം തിരിവായിരുന്നു.
പിന്നീടെ വെസ്റ്റർ (Wester)1915ൽ ഇന്ത്യയിലെ മാവ്
ഇനങ്ങളുടെ ഒരു സമ്പൂർണ്ണ പട്ടിക ഉണ്ടാക്കി. ബോംബെ സംസ്ഥാനത്തെ 89 മാവിനങ്ങളെ ബർൺസും പ്രയാഗും ചേർത്ത് വർഗീകരിച്ചു. ഫ്ലോറിഡയിൽ കൃഷി ചെയ്തു വരുന്ന മാവിനങ്ങളെ
സ്റ്ററോക്ക് (1951) വർഗീകരിച്ചു. മേൽ പറഞ്ഞ വർഗീകരണങ്ങൾ എല്ലാം തന്നെ
മാമ്പഴത്തിന്റെ സ്വഭാവത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാൽ മറ്റു ചില ഗവേഷകർ മാവിന്റെ വളർച്ച, ഇല, പൂങ്കുല, പുഷ്പം എന്നീ കായിക സ്വഭാവങ്ങളെ അടിസ്ഥാനപ്പെടുത്തിയും വർഗ്ഗീകരണം നടത്തി.
പാപനോവ് പഴത്തിന്റെ സ്വഭാവം പൂങ്കുലയുടേയും പാർശ്വീയങ്ങളുടേയും നിറവും, രോമിലതയും, വിത്തിലെ ഭ്രൂണസംഖ്യയും
അടിസ്ഥാനപ്പെടുത്തി മാവുകളെ നാല് പ്രധാന വർഗ്ഗങ്ങളാക്കി തിരിച്ചു. മൽഗോബ, അൽഫോൺസോ സാന്റർഷാ, കമ്പോഡിയാന എന്നിവയാണവ.
എളുപ്പം കേടുവരുന്ന പഴമാണ് മാങ്ങ. മൂത്ത് പറിച്ചാൽ ഒരാഴ്ചക്കുള്ളിൽ അവ പഴുത്ത് പാകമാവാറുണ്ട്.
പഴുത്ത് കഴിഞ്ഞാൽ ചില കീടങ്ങൾ വരുന്നതിനും പക്ഷികളും മറ്റും കൊത്തുന്നതിനും കാരണമാകാറുണ്ട്. കൃഷിയായി ചെയ്യുന്ന
മാവുകളിൽ വിപണിക്കനുസരിച്ച് അവ വിളവെടുക്കാറുണ്ട്. വേഗത്തിൽ വിറ്റു തീരാത്തപ്പോൾ വൈകി പറിക്കുകയും
ആവശ്യം കൂടുമ്പോൾ പറിച്ച് ചൂടുള്ള സഥലത്ത് വച്ച് പെട്ടെന്ന് പഴുപ്പിക്കുകയും ചെയ്യുന്നവരുണ്ട്.
പഴുത്ത മാങ്ങക്ക് ചതവ് സംഭവിച്ചാൽ ആ ഭാഗം പെട്ടെന്ന് കേടുവരുന്നത് കാണാം.
പ്രതികൂല കാലാവസ്ഥയെ ചെറുക്കാൻ പ്രകൃത്യാ ഒരു മെഴുകിന്റെ ആവരണം മാങ്ങയിൽ കാണുന്നുണ്ട്.
എന്നാൽ ഇത് പഴുക്കുന്തോറും
നഷ്ടപ്പെട്ടുകൊണ്ടിരിക്കും. ഇത് കാര്യക്ഷമമാക്കുവാനായി കൃത്രിമമായി മെഴുകിന്റെ ആവരണം
മാങ്ങക്ക് നൽകാറുണ്ട്. ഇതിനായി മൈക്രോ ക്രിസ്റ്റലൈൻ, പാരഫിൻ, കാറ്നോഅ മെഴുക്, സിസാൽ, കരിമ്പ് എന്നിവ ഉപയോഗിക്കാറുണ്ട്. കരിമ്പ് ഫാക്ടറികളിൽ നിന്ന് ലഭിക്കുന്ന
പ്രെസ്സ് മഡ് എന്ന മെഴുകുകൾ ഇതിനായി ഉപയോഗിക്കുന്നുണ്ട്.
കുമിൾ സംഹാരിയായ സോഡിയ്യം ഓർതോഫീനൈൽ ഫിനേറ്റ് അനുവദനീയമായ
അളവിൽ മെഴുക് ആവരണത്തോട്
ചേർക്കുന്നത് ചീയലിനെ
തടയുന്നതായി കണ്ടിട്ടുണ്ട്. ഇതിനു പകരം ട്രൈക്ലോറോഎതീൽ തയോ ടെട്രാതാൽമൈഡും ഉപയോഗിക്കുന്നുണ്ട്.

കൊള്ളാം! വിജ്ഞാനപ്രദം.
മറുപടിഇല്ലാതാക്കൂbeyporebabu@gmail.com